ഹദ്ദാദ്
ഖുതുബി തങ്ങൾ പാനൂരിൽ ദർസ് നടത്തുന്ന കാലം. രണ്ട് ദിവസമായി കുട്ടികൾ രാത്രി ചെലവ് കുടിയിൽ വരാറില്ല എന്ന് ഖുതുബിയെ നാട്ടുകാരിൽ ചിലർ അറിയിച്ചു. ഖുതുബി രാത്രി ഇശാ നിസ്കാര ശേഷം കുട്ടികളെ നിരീക്ഷിച്ചു. ചെലവിന് പോകാത്തത് ശ്രദ്ധയിൽ പെട്ടപ്പോൾ കാരണമന്വേഷിച്ച ഖുതുബി തങ്ങളോട് ‘റോഡ് നിറയെ പിരാന്തൻ നായിക്കളുണ്ടെന്നും അതുകൊണ്ട് പേടിയാണെന്നുമാണ്’ കുട്ടികൾ പറഞ്ഞത്. അപ്പോൾ ഖുതുബിയുടെ പ്രതിവചനം “അഊദു ബി കലിമാതില്ലാഹി താമ്മാതി….’ ചൊല്ലിയവനെന്തിനാടോ പിരാന്തൻ നായിക്കളെ പേടിക്കുന്നത്. ധൈര്യായിട്ട് എല്ലാവരും ചെലവ് കുടീക്ക് പോവുക…” എന്നായിരുന്നു.
ഹദ്ദാദിലെ ഓരോ ദിക്റുകളിലും ഓരോ ഫലങ്ങളുണ്ട്. അതിൽ ഉറച്ച വിശ്വാസമായിരുന്നു ഖുതുബിക്ക്. എന്ത് വലിയ പ്രശ്നങ്ങൾ വന്നാലും ഹദ്ദാദിലാണ് ഖുതുബി തങ്ങൾ പ്രതീക്ഷ വെച്ചിരുന്നത്. ഹദ്ദാദ് ചൊല്ലിയവന് അഗ്നി ബാധിക്കൂല, വിഷം ഏൽക്കില്ല, ദാരിദ്ര്യം വരില്ല, ശത്രുക്കൾ കീഴ്പ്പെടുത്തില്ല, ഈമാൻ നഷ്ടപ്പെടില്ല, മനപ്രയാസമുണ്ടാകില്ല, കടബാധിതനായി മരിക്കില്ല അങ്ങിനെ ഒരുപാട് ഗുണഫലങ്ങളുണ്ട്.
രണ്ട് ദിവസമായി വെറുതെ യാത്രകൾക്കിടയിൽ ‘സംഘ്പരിവാർ ഫാഷിസത്തെ ഇന്ത്യൻ മുസ്ലിംകൾക്ക് എങ്ങനെയൊക്കെ പ്രതിരോധിക്കാനാവും’ എന്നിങ്ങനെ ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു. നല്ല ഒരു ഉത്തരം കിട്ടിയതേയില്ല. എല്ലാ നീക്കങ്ങൾക്കും പല പരിമിതികളും കുറവുകളുമുണ്ട്. പല സുഹൃത്തുകളെയും വിളിച്ച് ഈ വിഷയം ചർച്ച ചെയ്തെങ്കിലും ‘വരുന്നിടത്ത് വെച്ച് കാണാം’ എന്നതല്ലാത്ത കൃത്യമായ ഒരുത്തരം കിട്ടിയില്ല. ഇന്നലെ രാത്രി സ്വസ്ഥമായി ഒറ്റക്കിരുന്ന് ഹദ്ദാദ് ചൊല്ലുമ്പോഴാണ് വല്യുപ്പ ഖുതുബി തങ്ങളുടെ ഈ സംഭവം ഓർമ്മയിൽ വന്നത്. ഉമ്മത്തിന് വലിയ ആത്മവിശ്വാസം നൽകുന്ന ഒന്നാണ് ഈ ചരിത്രമെന്ന് തോന്നുന്നു. “അല്ലാഹുവിൽ ഉറച്ച് വിശ്വസിക്കുകയും അവനെ ഭരമേൽപ്പിക്കുകയും ചെയ്യുക” എന്നതാണ് മുസ്ലിംകൾക്ക് ചെയ്യാനാവുന്ന ഏറ്റവും നല്ല സമരം. ഹദ്ദാദിനോളം ശക്തമായ ഒരു പ്രതിരോധം തീർക്കാൻ മുസ്ലിം-ദളിത് ഐക്യസമരത്തിനോ മുസ്ലിം സംഘടനകളുടെയും മതേതര പാർട്ടികളുടെയും പ്രതിഷേധ പ്രകടനങ്ങൾക്കോ കഴിയില്ല. അതൊക്കെ ‘വരുന്നിടത്ത് വെച്ച് കാണാം’ എന്ന തലത്തിലേ ആകുന്നുള്ളൂ. അതേ സമയം ഹദ്ദാദ് ഒരു പരിമിതിയും കുറവുമില്ലാത്ത ശക്തമായ സുരക്ഷാ കവചമാണ്.
‘അഊദു ബി കലിമാതില്ലാഹി താമ്മാതി മിൻ ശർറി മാ ഖലഖ്’ എന്ന് പതിവായി ചൊല്ലുന്നവരെ കടിച്ചു കീറാൻ പിരാന്തൻ നായിക്കൾക്ക് മാത്രമല്ല, മനുഷ്യ നായ്ക്കൾക്കും സാധ്യമല്ല. ആ ഒരു ഉറച്ച ആത്മവിശ്വാസം ഉമ്മത്തിന് നൽകുന്ന മറ്റെന്ത് സമരമുണ്ട്!
Courtesy: WhatsApp