പ്രവാചകൻ (സ്വ) കഥ പറയുമ്പോൾ – മൂന്ന് സുകൃതങ്ങൾ.
അവർ മൂന്നു പേർ വെറുതെ നടക്കാ നിറങ്ങിയതായിരിക്കാം. കോരിച്ചൊരിയുന്ന മഴ! ആ ഗുഹയിൽ അഭയം തേടുകയല്ലാതെ വഴിയില്ല. ഒരുരുൾ പൊട്ടലിൽ കുത്തിയൊഴുകി വന്ന ഭീമാകാരമായ പാറക്കല്ല് ഗുഹാമുഖം അടച്ചുകളഞ്ഞു. മൂന്നുപേരും ആഞ്ഞുപിടിച്ചിട്ടും പാറ കടുകിട ഇളകുന്നില്ല. രക്ഷാമാർഗ്ഗമേതുമില്ല. ഗുഹയുടെ ഇരുളിലെവിടെയോ മരണം പതിയിരിക്കുന്നു. ദാഹിച്ചു വരണ്ട് തൊണ്ടപൊട്ടിയും വിശന്നു വലഞ്ഞ് തളർന്നുമുള്ള അതിദാരുണമായ മരണം!
മനുഷ്യ പ്രയത്നങ്ങൾ നിഷ്ഫലങ്ങളാവുമ്പോൾ അവിടേക്ക് ദൈവത്തിന്റെ കരങ്ങൾ നീളുമെന്നവർക്കറിയാം. പ്രാർത്ഥിക്കുക! പ്രാർത്ഥന കരുത്താണ്. രക്ഷാമാർഗ്ഗമാണ്. വെറുതെ പ്രാർത്ഥിച്ചാൽ പോരാ! ദൈവപ്രീതിക്കുവേണ്ടിമാത്രം, തങ്ങൾ ചെയ്ത ഏറ്റവും മഹത്തരമായ നന്മകളെ മുൻനിർത്തി പ്രാർത്ഥിക്കണം! ജീവിതത്താളുകൾ പുറകോട്ട് മറിച്ചുകൊണ്ട് അവർ തങ്ങളുടെ പ്രവർത്തനങ്ങൾ പരതി. കരിമ്പാറക്കെട്ടുകളെ ചലിപ്പിക്കാൻ കഴിവുള്ള സൽക്കർമ്മങ്ങളുണ്ടെങ്കിലോ!
“എന്റെ നാഥാ… അന്നൊരുനാൾ, വീട്ടുകാർക്ക് കുടിക്കാനായി കറന്ന ചൂടുള്ള പാലുമായി വന്നപ്പോൾ വൃദ്ധരായ മാതാപിതാക്കൾ ഉറങ്ങിപ്പോയിരുന്നു. കുഞ്ഞുങ്ങൾക്ക് പോലും കൊടുക്കാതെ, പാലുമായി അവരുണരാൻ ഞാൻ കാത്തിരുന്നു. ഒരു പോള കണ്ണുറങ്ങാതെ… എന്റെ ചെയ്തി നിന്റെ പ്രീതിയെ മുൻനിർത്തി മാത്രമായിരുന്നു. നാഥാ ഈ പാറയൊന്നു നീക്കിത്തരേണമേ!” പാറ മെല്ലെയൊന്നനങ്ങിയോ? ആകാശത്തിന്റെ ഒരു ചെറുചീന്ത് ഗുഹയിലേക്ക് എത്തിനോക്കി.
ഇനി അടുത്തയാളുടെ ഊഴം! “ദൈവമേ, എന്റെ മുറപ്പെണ്ണ്. വല്ലാത്ത അഭിനിവേശമായിരുന്നു എനിക്കവളോട്. തീക്കനൽ ചോദിച്ചുകൊണ്ട് പലവട്ടം ഞാനവളുടെ കിടപ്പറയിൽ ചെന്നു. അവൾ വഴങ്ങിയില്ല. അങ്ങനെയിരിക്കെ, അതീവ സുന്ദരിയായിരുന്ന അവളെ ദാരിദ്ര്യം ബാധിച്ചു. പട്ടിണികൊണ്ട് അവൾ പൊറുതിമുട്ടി. കൈക്കുമ്പിൾ നിറയെ സ്വർണ്ണനാണയങ്ങളുമായി ഞാനവളെ സമീപിച്ചു. ഒരൊറ്റ വ്യവസ്ഥ! ഒരിക്കൽ, ഒരിക്കൽ മാത്രം അവളെനിക്ക് വഴങ്ങണം! അവളുടെ ആ മൗനം ആയിരം സമ്മതങ്ങളായി എനിക്ക് തോന്നി! ആഞ്ഞുപുൽകാനൊരുങ്ങിയ എന്നോട് നിറകണ്ണുകളോടെ അവൾ പറഞ്ഞു: “അല്ലാഹുവിനെ സൂക്ഷിക്കുക!”. ആ വാക്കുകൾ ഒരിടിനാദം പോലെ എന്റെ ശരീരത്തെ പിടിച്ചുലച്ചു. റബ്ബേ നിന്റെ നാമം അതികാന്തിക ശക്തിപോലെ എന്നെ പിന്നോട്ട് തള്ളിമാറ്റി. ദൈവമേ, ഈ പാറയുടെ ദുരിതം ഞങ്ങളിൽ നിന്ന് അകറ്റേണമേ! പാറ വീണ്ടുമൊന്ന് ചലിച്ചു. പക്ഷേ, പുറത്ത് കടക്കാൻ കഴിയുമായിരുന്നില്ല.
ഇനി മൂന്നാമൻ! “കൃഷിയിടത്തിൽ എനിക്ക് കുറേ കൂലിപ്പണിക്കാരുണ്ടായിരുന്നു. കൂലി കൊടുക്കാൻ നേരത്ത് അവരിലൊരാൾ മാത്രം വന്നില്ല. കൂലി വാങ്ങാതെ അയാളെങ്ങോട്ടോ പോയി! ആ ചെറിയ തുക ഞാൻ ഉത്പാദന മേഖലയിൽ ചിലവഴിക്കാൻ തുടങ്ങി. അതൊരു വലിയ സമ്പത്തായി വർദ്ധിച്ചുകൊണ്ടിരുന്നു. കാലങ്ങൾ കടന്നു പോയി. ഒരുനാൾ അയാൾ തിരിച്ചുവന്ന് തന്റെ കൂലിചോദിച്ചു. ധാരാളം ആടുമാടൊട്ടകങ്ങളും മറ്റു വിഭവങ്ങളും കാണിച്ചുകൊടുത്തുകൊണ്ട് ഞാനയാളോട് പറഞ്ഞു: ഇതാ നിന്റെ കൂലി. എടുത്തുകൊള്ളുക! “നിങ്ങളെന്നെ പരിഹസിക്കുകയാണോ? എന്റെ ഒരു ദിവസത്തെ കൂലി മാത്രമാണ് ഞാൻ ചോദിച്ചത്.” കാര്യങ്ങൾ ഞാനയാളോട് വിശദീകരിക്കുകയും മുഴുവൻ സ്വത്തും അയാളെ ഏല്പിക്കുകയും ചെയ്തു. ദൈവമേ, ഈ വിശ്വസ്ഥതയിൽ ഞാൻ കാംക്ഷിച്ചത് നിന്റെ തൃപ്തി മാത്രമായിരുന്നു. ഈ ദുരിതം ഞങ്ങളിൽ നിന്ന് നീക്കിത്തരേണമേ!” പാറ മുഴുവനായും നീങ്ങി. വാനലോകത്തിന്റെ കാരുണ്യം പൂർണ്ണ തെളിമയോടെ അവരുടെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.
ഇതാണ് കഥ! പ്രവാചകൻ (സ) പറഞ്ഞ കഥ. ഒരു മുത്തശ്ശിക്കഥ പോലെ ലളിതം! പക്ഷെ ഗഹനമായ ജീവിത ദർശനങ്ങളുടെ വിലമതിയാത്ത മുത്തുകൾ ഒളിപ്പിച്ചുവെച്ച ഒരു ചിപ്പിയാണിത്.
ഓർത്തുനോക്കുക! അവരിലൊരാൾക്ക്, മഹത്തരമെന്ന് വിശേഷിപ്പിക്കാൻ കഴിയുന്ന ഒരു നന്മ തന്റെ ജീവിതത്തിൽ ഇല്ലായിരുന്നെങ്കിലോ? വേറൊരാവശ്യത്തിന് വേണ്ടി ഈ കഥ വീണ്ടും വായിച്ചപ്പോൾ ഒരു ഞെട്ടലോടുകൂടിയാണ് ഈ ചോദ്യം എന്നെ മഥിച്ചത്. ഒരാൾക്ക് ഒന്നും പറയാനില്ലായിരുന്നെങ്കിൽ മറ്റു രണ്ടുപേരുടെയും പ്രവർത്തനങ്ങൾ ഫലപ്രദമായ രീതിയിൽ പാറയിൽ പ്രതിഫലിക്കുമായിരുന്നില്ല. പാരത്രിക ലോകത്ത് തീർച്ചയായും അവർക്കതിന്റെ പ്രതിഫലം ലഭിക്കും. പക്ഷേ, ഭൗതികമായി, നന്മകളുടെ സാകല്യമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്ന ജീവിതവ്യവസ്ഥയുടെ അടിസ്ഥാനം. എല്ലാവർക്കും എല്ലാ നന്മകളും ചെയ്യാൻ കഴിയണമെന്നില്ല. എന്നാൽ ഒരു സമൂഹമെന്ന നിലയിൽ നന്മകളുടെ പൂർത്തീകരണം ഉണ്ടാവേണ്ടതുണ്ട്. അത്തരം ഒരുത്തമ സമൂഹത്തിനേ പ്രതിബന്ധങ്ങളുടെ കരിമ്പാറക്കെട്ടുകളെ മറികടക്കാനാവൂ.
ഒന്നാമന്റെ സൽക്കർമ്മം നിർബന്ധ ബാദ്ധ്യതയൊന്നുമായിരുന്നില്ല. മാതാപിതാക്കളുടെ വിഹിതം മാറ്റിവെച്ചാൽ മതിയായിരുന്നു. ഉണരുമ്പോൾ അതവർക്ക് കൊടുക്കാം. അയാൾ ഉറക്കമൊഴിക്കേണ്ട കാര്യവുമില്ലായിരുന്നു. വൃദ്ധരായ മാതാപിതാക്കൾ ഭാരമാവുകയും അവരെ വൃദ്ധസദനങ്ങളിൽ ‘സുഖമായി’ പാർപ്പിക്കുകയും ചെയ്യുന്ന സംസ്ക്കാരം വ്യാപകമാവുന്ന ഒരു സമൂഹത്തിനു മനുഷ്യബന്ധങ്ങളുടെ വികാരതീവ്രതയും സൂക്ഷ്മതയും മനസ്സിലാകണമെന്നില്ല. അവരയാളുടെ ചെയ്തിയെ യുക്തിപരമായ വിശകലനങ്ങൾക്ക് വിധേയമാക്കി ആക്ഷേപിക്കുകയും ചെയ്തേക്കാം. പക്ഷേ, ജീർണ്ണമായ സാമൂഹ്യ ബന്ധങ്ങളും കെട്ടുറപ്പില്ലാത്ത കുടുംബ വ്യവസ്ഥയും നിലനിൽക്കുന്ന ഒരു സമൂഹത്തിന് അതിജീവനത്തിന്റെ പഴുതുകൾ അടഞ്ഞുപോകുമെന്ന് ഈ സംഭവം സൂചിപ്പിക്കുന്നു.
രണ്ടാമന്റെ സൽകർമ്മം കുറേക്കൂടി ഗൗരവതരമായ വിശകലനം അർഹിക്കുന്നതാണ്. സദാചാര ബോധത്തിന്റെ ഔന്നിത്യം മാത്രമല്ല ഇതിന്റെ കാതൽ! സാമൂഹ്യ തിന്മകളിലേക്ക് മനുഷ്യൻ വലിച്ചിഴക്കപ്പെടുന്ന ചില മൂല കാരണങ്ങളുണ്ട്. അവയുടെ തീവ്രതയിൽ മനുഷ്യൻ ചിലപ്പോൾ നിസ്സഹായനാവുന്നു. ഒരു ധനികന്റെ ധാർഷ്ട്യത്തിന് മുന്നിൽ, പാപഭാരതത്തിന്റെ ഭാരവും പേറി നിറകണ്ണുകളുമായി കിടക്കേണ്ടിവന്ന ആ യുവതിയുണ്ടല്ലോ, അവർ സമൂഹത്തിലെ നിസ്സഹായരായ ഒരു വലിയ വിഭാഗത്തെ പ്രതിനിധീകരിക്കുന്നുണ്ട്. ദൈവഭയത്താൽ മാത്രം തിന്മയിൽ നിന്ന് പിന്മാറുന്ന ഇത്തരക്കാർ ഇല്ലാതാകുമ്പോൾ ഒരു സമൂഹത്തിന്റെ നാശം പൂർണ്ണമാവുന്നു.
മൂന്നാമന്റെ കർമ്മം സാമ്പത്തിക സദാചാരത്തിന്റെ മഹത്വത്തെ ഉൽഘോഷിക്കുക മാത്രമല്ല; സമ്പത്തിന്റെ ക്രിയാത്മകമായ വിനിയോഗത്തിന്റെയും വികേന്ദ്രീകരണത്തിന്റെയും പ്രാധാന്യത്തിന് അടിവരയിടുകയും ചെയ്യുന്നു. അയാൾക്ക് ആ ഒരു ദിവസത്തെ കൂലി ഭദ്രമായി പെട്ടിയിൽ സൂക്ഷിക്കുകയും അവകാശി തിരിച്ചുവരുമ്പോൾ ആ തുക മാത്രം തിരിച്ചുനൽകുകയും ചെയ്‌താൽ മതിയായിരുന്നു. ബാദ്ധ്യത നിറവേറും. പക്ഷേ, താൻ ഏൽപ്പിക്കപ്പെട്ട ധനത്തിന്റെ ഉത്പാദനപരമായ സാദ്ധ്യതകളും തന്റെ ഉത്തരവാദിത്തമായി അയാൾ കരുതി. സത്യസന്ധത മാത്രമല്ല, അതിലെ അതീവ സൂക്ഷ്മതയും പൂർണ്ണതയുമാണ് ആ കർമ്മത്തെ മഹത്തരമാക്കുന്നത്. ‘നിങ്ങളിലാരെങ്കിലും പെർഫക്ഷനോടുകൂടി ഒരു കർമ്മം ചെയ്യുമ്പോൾ അല്ലാഹു അത് വളരെയേറെ ഇഷ്ടപ്പെടുന്നു.’ (ബൈഹഖീ) വെറും വഴിപാടുകളായിരിക്കരുത് കർമ്മങ്ങൾ!
സാമൂഹ്യ സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥകളുടെ സമഗ്രതക്ക് വേണ്ടി ആഹ്വാനം ചെയ്യുന്നവർ മൂല്യങ്ങളുടെ സമഗ്രതയെക്കുറിച്ച് ചിന്തിക്കാത്തതെന്ത്? വ്യക്തിപരമായ തലങ്ങൾക്കപ്പുറം സനാതന മൂല്യങ്ങൾക്ക് ഒരു സാമൂഹ്യ പ്രസക്തിയുമില്ലേ?
പൗരോഹിത്യ ഗന്ധം പേറുന്ന സാമ്പ്രാണിയുടെ പുകച്ചുരുളുകളോടൊപ്പം അന്തരീക്ഷത്തെ മലീമസമാക്കുന്ന മന്ത്രോച്ചാരണങ്ങളോ ആത്മീയവ്യവഹാരങ്ങളോ അല്ല വിമോചനത്തിന്റെ അമാനുഷകതകൾക്ക് കാരണമാകുന്നത്. മനുഷ്യന്റെ പച്ചയായ ജീവിത യാഥാർഥ്യങ്ങളെ തൊട്ടുനിൽക്കുന്ന ജനോപകാരപ്രദമായ പ്രവർത്തനങ്ങളാണ് വിമോചനത്തിന്റെ വാതായനങ്ങൾ തുറക്കുന്നത്. അവ പ്രകടനപരതയുടെ ജാടകൾക്കപ്പുറം ദൈവ സാമീപ്യത്തിനു വേണ്ടിയാവുമ്പോൾ പ്രതിബന്ധങ്ങളുടെ മതിൽക്കെട്ടുകൾ തകർന്നടിയും. പ്രവർത്തനങ്ങളുടെ പിൻബലമില്ലാത്ത പ്രാർത്ഥനകൾ ഫലശൂന്യങ്ങളാണ്.
പാറക്കെട്ടുകൾ നീക്കിക്കളയുന്നത് നിൽക്കട്ടെ, വിമോചനത്തിന്റെ ഒരു ചെറിയ കിളിവാതിൽ തുറക്കാൻ പര്യാപ്തമായ ചെയ്തികളെങ്കിലും തങ്ങളുടെ ജീവിതത്താളുകളിൽ എവിടെയെങ്കിലും എഴുതിച്ചേർക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുക!
അലി മാവിലായി